Tuesday, June 30, 2009

നഷ്ടപ്പെട്ട കാലത്തിനോട് വിട ചോദിക്കുന്നു

ചങ്കിന് കുറുകേ വരഞ്ഞിട്ടിരിക്കുന്നു
ഒരുശിരന്‍ ലൈഫിന്റെ നഖക്ഷതങ്ങള്‍!
ക്യൂട്ടെക്സ് റിമൂവര്‍ കൊണ്ടാഞ്ഞ് തുടച്ചുനോക്കി
മായുന്നില്ല കഷ്ടം!
മായാത്ത വരകള്‍,
ഉണങ്ങാത്ത മുറിവുകള്‍,
നിലക്കാത്ത ചിരികള്‍, ആര്‍പ്പുവിളികള്‍,
ഞാനെന്ന അഴുക്കിനെ അലക്കിവെളുപ്പിച്ച
ആ പ്രണയകാലമേ
വിട തരിക.
ശാന്തമായ പകല്‍മുറികളുടെ തഴുതിട്ട-
ജനാലക്കല്‍ മുട്ടാതിരിക്കുക,
ചേര്‍ത്തടച്ച വാതില്‍പ്പാളികളില്‍
നിന്റെ കൈവളതട്ടിയുണര്‍ത്താതിരിക്കുക,
ഞാന്‍ ശാന്തമായി ജീവിച്ചുകൊള്ളട്ടെ!

തിരക്കെന്ന വാക്കെനിക്കൊരു-
കമ്പിളിപ്പുതപ്പ്,
അതിനടിയില്‍ മുഖം പൂഴ്തി,
“അനുവിപ്പോഴും ജീവിച്ചിരിപ്പുണ്ട്” എന്ന്
സൈഡില്‍ ഒരു ബോര്‍ഡ് വെച്ച്,
ഞാനും ജീവിച്ചുപോട്ടേ,
നിന്‍പദവിന്യാസം പതുക്കെയാക്കൂ,
കൊലുസുകിലുക്കിയെന്നെ ഉണര്‍ത്താതിരിക്കുക
വെറുതേ വിടുക.

ഇന്നലെ നീതന്ന പന്ത്രണ്ട് വിരലുകള്‍
ഒരു കറുത്ത-തുണിയില്‍ പൊതിഞ്ഞ് തിരികെത്തരാം,
ഒന്നുച്ചുറങ്ങിയ പായ മടക്കി,
അതിന്റെ പകിടിയും തരാം,
ചുണ്ടുകള്‍ പതിഞ്ഞ വെള്ളിക്കോപ്പ
നിനക്ക് തിരിച്ചെടുക്കാം,
പക്ഷേ ഒരു കണ്ടീഷന്‍,
എന്നെന്നേക്കുമായി വിട തരിക,
ശാന്തമായ പകല്‍മുറികളുടെ തഴുതിട്ട-
ജനാലക്കല്‍ മുട്ടാതിരിക്കുക,
ചേര്‍ത്തടച്ച വാതില്‍പ്പാളികളില്‍
നിന്റെ കൈവളതട്ടിയുണര്‍ത്താതിരിക്കുക,
ഞാന്‍ ശാന്തമായി ജീവിച്ചുകൊള്ളട്ടെ!

No comments:

Post a Comment